തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന ജൂണ് ഒന്നിനു മുൻപു സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഉടനടി നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മേയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്നു പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരിച്ചു.
ഇതിനകം 65 ശതമാനം പാഠപുസ്തകം കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണ്. എയ്ഡഡ് സ്കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, വനംവകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ അനുമതി ലഭിച്ച ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
സമയപരിധി പരിഗണിച്ചു നിർബന്ധ സുരക്ഷാ മാനദണ്ഡങ്ങൾക്കു മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
അടുത്ത രണ്ട് ആഴ്ച സ്കൂളുകളുടെ തയാറെടുപ്പുകൾ കളക്ടർമാർ നിരീക്ഷിക്കണം.
എൽപിജി ഉപയോഗവും പൈപ്പ്ഡ് നാച്വറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ ജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.